Total Pageviews

Monday 24 August 2015

മോശയും യഹോവയും


 മോശയും  യഹോവയും

 


 

ആട്ടിന്‍പറ്റങ്ങളുമായി മോശയൊരുനാള്‍

അലഞ്ഞുതിരിഞ്ഞാ മരുഭൂപ്രാന്തങ്ങളില്‍

ദൂരവേ കാണുന്നല്ലോ

ഹോരേബ് പര്‍വ്വത നിരകള്‍

കാഴ്ചകള്‍ കാണ്മതിനായി ചുറ്റിലും

വീക്ഷിച്ച വേളയില്‍ മോശ

കണ്ടത്ഭുതമൊരു മഹാശ്ചര്യം

പോലിന്നും വിളങ്ങീടുന്നല്ലോ.

യാഹ്താന്‍ ദൂതനെപ്പോല്‍ പച്ചയാം

മുള്‍പ്പടര്‍പ്പിന്‍ മധ്യത്തില്‍

നിന്നാ അഗ്നി ജ്വാലയില്‍

മോശയ്ക്കു പ്രത്യക്ഷനായല്ലോ

മുള്‍പ്പടര്‍പ്പ് വെന്തിടാതെയിരിക്കും

കാഴ്ചയെത്രയോ അവിശ്വസനീയമെന്ന്‍

ഓര്‍ത്തുകൊണ്ട്‌ മോശയപ്പോള്‍

പര്‍വ്വത താഴ്വാരങ്ങളിലേക്ക് ഓടിയില്ലേ?.

മോശതന്‍ മനമറിഞ്ഞു ചൊല്ലി

ക്ഷണത്തില്‍ താതനപ്പോഴേക്കും

അതിവിശുദ്ധമാമീ സ്ഥലമെന്ന്‍ ഓര്‍ക്ക

നീയും നിന്‍റെ തലമുറകളുമെപ്പോഴും

വിലക്കി താതന്‍ പിന്നെയും

മോശതന്‍ സാമീപ്യം അരുതെന്നും

പാദങ്ങളില്‍ നിന്നും ചെരുപ്പുകള്‍

അഴിച്ചു ദൂരെയെറിഞ്ഞീടുകെന്നും

എബ്രഹാം,യിസ്സഹാക്ക്,യാക്കോബ്

ആദിയായവരുടെ ദൈവവും

നിന്‍ പിതാവിന്‍ ദൈവവുമായ

യഹോവയല്ലോ ഞാന്‍

പാപിയാം മോശയോ ഭയത്താല്‍

താതനെ നോക്കീടുവാന്‍ തുനിഞ്ഞില്ല

മിസ്രയീം ദേശത്ത് അധിവസിക്കും

ദൈവത്തിന്‍ സ്വന്ത ജനത്തിന്‍ നിലവിളികള്‍

അത്യുച്ചത്തില്‍ മുഴങ്ങീടുന്നല്ലോ

എന്‍ കാതുകളിലെപ്പോഴും

പാലും തേനുമൊഴുകും ദേശമതിലേക്ക്

വിടുവിക്കും അവരെയെല്ലാം നിന്‍ താതന്‍  

 

Based on bible story - published in Yuvadeepam Magazine.

Thursday 26 March 2015

കാനാവിലെ കല്യാണം (SKIT FOR CHILDREN )


കാനാവിലെ കല്യാണം - (യോഹന്നാന്‍ 2- 1 മുതല്‍ 11 വരെ വാക്യങ്ങള്‍)

ദൈവത്തിന്‍റെ ദാനങ്ങള്‍ നിങ്ങള്‍ മറ്റുള്ളവരുമായി പങ്കിടുമ്പോള്‍ --- തീര്‍ച്ചയായും നിങ്ങള്‍ക്ക് ഇരട്ടിയായി പ്രതിഫലം തിരികെ ലഭിക്കും

 

കഥാപാത്രങ്ങള്‍.

യേശു, മറിയ, നാഥനയേല്‍ - വീട്ടുടമസ്ഥന്‍- വരന്‍, വധു, ബന്ധുക്കള്‍,  കര്‍ത്താവിന്‍റെ ശിഷ്യന്‍മാര്‍ - യോഹന്നാന്‍, പത്രോസ്, യാക്കോബ്, എലിസബേത്ത്- മേരിയുടെ ബന്ധു, നിക്കോദേമോസ് - പ്രധാന വിളമ്പുകാരന്‍, വിളമ്പുവാന്‍ 2 പേര്‍, കല്യാണ വീട്ടിലെ ആളുകള്‍.

സാധനങ്ങള്‍

6 വലിയ വെള്ള പാത്രങ്ങള്‍ , 6 കപ്പ്‌ ബോര്‍ഡ്‌ ജഗ്. സദ്യയ്ക്ക് കുറെ ബെഞ്ചും ടസ്കും,

 

വിളിച്ചു പറയുന്ന ആള്‍  പറയേണ്ടിയത്

 

കാനാവില്‍ ഒരു കല്യാണം നടക്കുന്നു.  യേശുവിന്‍റെ അമ്മ മറിയ അവിടെയുണ്ടായിരുന്നു. യേശുവും ശിഷ്യന്‍മാരും ആ കല്യാണത്തിനു ക്ഷണിക്കപ്പെട്ടിരുന്നു. വിവാഹ സദ്യ മദ്ധ്യേ വീഞ്ഞ് തീര്‍ന്നു പോയി.

രംഗം

 

(കല്യാണ വീട്ടില്‍ അങ്ങിങ്ങായി നില്‍ക്കുന്ന ആളുകള്‍, അതില്‍ ധാരാളം പെണ്ണുങ്ങളും , ആണുങ്ങളും എല്ലാം ഉണ്ട്, എന്തോക്കെയോ അവര്‍ പരസ്പരം സംസാരിക്കുന്നുണ്ട്. ആക്കൂട്ടത്തില്‍ മേരിയും, യേശുവും , ശിഷ്യന്‍മാരുമെല്ലാം അവിടെയുണ്ട്. കല്യാണം കഴിഞ്ഞു നില്‍ക്കുന്ന ചെറുക്കനും, പെണ്ണും. അവരെല്ലാം ഏറെ സന്തോഷത്തില്‍ ആണ്)

 

(മറ്റു ചില അഥിതികള്‍  അവിടേക്കു കടന്നു വരുന്നു. ആരൊക്കെയോ ചേര്‍ന്നു അവരെ സ്വീകരിക്കുന്നു).

 

അതിഥി 1: കല്യാണത്തിന് ഒരുപാട് ആള്‍ക്കാര്‍ എത്തിയിട്ടുണ്ട്.

 

അഥിതി 2: അതെ അതെ ഈ നാട് കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ കല്യാണമാണിത്.

 

(അവിടേക്കു വിഷണ്ണനായി കടന്നു വരുന്ന വീട്ടുടമസ്ഥന്‍ മേരിയെ വിളിക്കുന്നു).

 

വീട്ടുടമസ്ഥന്‍: മേരി നമ്മള്‍ വിചാരിച്ചതിലും ആളുകള്‍ വിരുന്നിനെത്തിയിരിക്കുന്നു. വീഞ്ഞ് തികയുമെന്ന് തോന്നുന്നില്ല. നമ്മള്‍ ഇപ്പോള്‍ എന്തു ചെയ്യും?

 

മേരി: നിങ്ങള്‍ വിഷമിക്കാതിരിക്കൂ. നമ്മള്‍ക്ക് എന്തെങ്കിലും ഒരു പരിഹാരം കാണാം.

 

(മേരി ഉടനെ യേശുവിനെ അടുക്കലേക്കു വിളിക്കുന്നു).

 

മേരി : മോനെ.. ഇവിടെ വരെയൊന്ന് വരൂ.. . (അനുസരണയോടെ യേശു അമ്മയുടെ അടുക്കലേക്കു നടക്കുന്നു).

 

യേശു : എന്താണമ്മേ എന്നെ വിളിച്ചത്......(സ്നേഹത്തോടെ യേശു അമ്മയെ നോക്കി ചിരിക്കുന്നു.)

 

(മറ്റുള്ളവര്‍ കേള്‍ക്കാതിരിക്കുവാന്‍ വേണ്ടി ഇത്തിരി മാറി നിന്നവര്‍ സംസാരിക്കുന്നു).

 

(ഉടനെയെല്ലാവരും അവിടെ നിന്നു പോകുന്നു. സ്റ്റേജില്‍ യേശുവും അമ്മ മറിയയും മാത്രം).

 

മേരി: വീഞ്ഞു തീര്‍ന്നിരിക്കുന്നു മകനേ. പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ വന്നിട്ടുമുണ്ട്. വീട്ടുകാര്‍ വീഞ്ഞു വിളമ്പുവാന്‍ ഇല്ലാതെ കഷ്ടപെടുന്നു.

 

യേശു: സ്ത്രീയെ എനിക്കും നിനക്കും തമ്മില്‍ എന്ത്? എന്‍റെ നാഴിക ഇതുവരെയും വന്നിട്ടില്ലല്ലോ?.

 

മേരി: മകനേ എന്തെങ്കിലും നീ ഉടനെ ചെയ്യുക. വീഞ്ഞ് വിളമ്പാന്‍ ഇല്ലെങ്കില്‍ മറ്റുള്ളവരുടെ മുന്‍പില്‍ വീട്ടുകാര്‍ പരിഹാസ്യര്‍ ആവില്ലേ?.

  

യേശു: എന്തോ ഓര്‍ത്തുകൊണ്ട്‌ അര്‍ത്ഥം വെച്ചു മൂളുന്നു.

 

മേരി: അവര്‍ക്കുണ്ടാകുന്ന അപമാനം ഓര്‍ത്തെങ്കിലും എന്തെങ്കിലും ചെയ്യുക. ഇവരെല്ലാം നമ്മുടെ ചാര്‍ച്ചക്കാര്‍ അല്ലയോ?

 

യേശു: (മറിയയെ സ്നേഹപൂര്‍വ്വം യേശു കെട്ടി പിടിക്കുന്നു.) ശരി അമ്മേ..

 

(യേശു നടന്നു കിണറിന്‍റെ അടുക്കലേക്ക് പോകുന്നു. അവിടെ ആറു വലിയ കല്‍ഭരണികള്‍ നിര നിരയായി വെച്ചിരിക്കുന്നു. എല്ലാം രണ്ടോ, മൂന്നോ പറ വീതം കൊള്ളുന്നവയാണ്). 

 

മേരി: വേലക്കാരോട്-- അവന്‍ എന്തെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ അത് യാതൊരു മടിയും കൂടാതെ ചെയ്യുക.

 

വേലക്കാരന്‍ - ശരി.    (എന്നിട്ട് യേശുവിന്‍റെ അടുക്കലേക്കു നടന്നു നീങ്ങുന്നു).

 

യേശു : നിങ്ങള്‍ മറ്റു കൂട്ടാളികളെക്കൂടെ വിളിച്ചോണ്ട് വരിക."

 

(അവിടെ നില്‍ക്കുന്ന മറ്റുള്ള വേലക്കാരെയും കൈ കാട്ടി വിളിക്കുന്നു).

 

യേശു:-  നിങ്ങള്‍ ഈ കല്‍ഭരണികളില്‍ വെള്ളം കോരി നിറയ്ക്കുക.

 

(വേലക്കാര്‍ വെള്ളം കോരി നിറക്കുന്നതായി അഭിനയിക്കുന്നു)

 

വേലക്കാര്‍ : (യേശുവിന്‍റെ അടുക്കലേക്കു ചെന്നു) ഗുരോ ഞങ്ങള്‍ വെള്ളം നിറച്ചു കഴിഞ്ഞിരിക്കുന്നു.

 

യേശു : ശരി നിങ്ങള്‍ അത് കോരി വിരുന്നുകാര്‍ക്ക് കൊണ്ടുപോയി കൊടുക്കുക.

 

(യേശു എന്നിട്ട് മുറിക്കുള്ളിലേക്ക് നടന്നു നീങ്ങുന്നു).

 

വേലക്കാരന്‍ 1 - ഈ പച്ചവെള്ളം നമ്മള്‍ എങ്ങനെ വിരുന്നുകര്‍ക്ക് കൊണ്ടുപോയി കൊടുക്കും?

 

വേലക്കാരന്‍ 2: (അത്ഭുതത്തോടെ ഭരണിയിലേക്ക് നോക്കിയിട്ട്....) നിങ്ങള്‍ ഇതുകണ്ടോ ഈ വെള്ളത്തിന്‍റെ നിറം മാറിയിരിക്കുന്നല്ലോ. ഇത് വീഞ്ഞായി മാറിയിരിക്കുന്നു.

 

വേലക്കാരന്‍ 1:     ഇതെന്ത് അത്ഭുതം.

  

വേലക്കാരന്‍ 2 : എന്തായാലും  നമ്മള്‍ക്കിത് വീടിനുള്ളിലേക്ക് കൊണ്ടുപോകാം.

 

വേലക്കാര്‍-1: വിരുന്നുവാഴി രുചിക്കുമ്പോള്‍ നമ്മള്‍ക്ക് നോക്കാം. എന്താണ് സംഭവിക്കുവാന്‍ പോകുന്നത് എന്ന്.

 

(അവര്‍ രണ്ടു പേരും ഒന്നിച്ചു ചിരിക്കുന്നു. എന്നിട്ട് വീണ്ടും ആ കല്‍ഭരണി എടുത്തുകൊണ്ടു വിരുന്നുവാഴിയുടെ അടുക്കലേക്കു മെല്ലെ നടക്കുന്നു. അവിടെ ആ കല്‍ഭരണി വെച്ചിട്ട് അവര്‍ മാറി നില്‍ക്കുന്നു)

 

(അവിടേക്കു പാട്ട് പാടുവാന്‍ വേണ്ടി കുറെ കുട്ടികള്‍ കടന്നു വരുന്നു. അവര്‍ കാനാവിലെ കല്യാണ രാവിലെ പാട്ട് ഉച്ചത്തില്‍ പാടുന്നു).

------

(അതിനു ശേഷം അവിടേക്കു വിരുന്നുവാഴി കടന്നു വരുന്നു.)

 

(വിരുന്നുവാഴി വീഞ്ഞ് രുചിച്ചു നോക്കുന്നു. (എന്നിട്ട് വരന്‍റെയും വധുവിന്‍റെയും  വീട്ടുടമസ്ഥന്‍റെയും അരികിലേക്ക് നടക്കുന്നു. എന്നിട്ട് പറയുന്നു.)

 

വിരുന്നുവാഴി: എല്ലാവരും നല്ല വീഞ്ഞ് ആദ്യം വിളമ്പുകയാണ് പതിവ്. നിങ്ങള്‍ എന്താണ് നല്ല വീഞ്ഞ് മാറ്റി വെച്ചത്.

 

വീട്ടുടമസ്ഥന്‍ അത്ഭുതസ്ഥബ്തനായി നില്‍ക്കുന്നു...

 

വിളിച്ചു പറയുന്ന ആള്‍

"യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലിയായിലെ കാനാവില്‍ വെച്ചു ചെയ്ത് തന്‍റെ മഹത്വം വെളിപ്പെടുത്തി. അവന്‍റെ ശിശിഷ്യന്മാര്‍ അവനില്‍ വിശ്വസിച്ചു."

 

കുട്ടികള്‍ വീണ്ടും സ്റ്റേജില്‍ വരുന്നു..പാട്ട്....

                                                            ........ശുഭം ..................................

                              രഞ്ജിത്ത് നൈനാന്‍ മാത്യു

Tuesday 24 March 2015

ആദവും ഹവ്വയും




ഏദനിന്‍  വിരിമാറില്‍, വിഹാരം നടത്തീടാന്‍.
ദൈവമോ സ്വന്തം കൈയാല്‍, മെനഞ്ഞു അവരേയും.
പൂര്‍വ്വ മനുഷ്യര്‍, ദൈവത്തിന്‍ സ്വന്ത മക്കള്‍.
ആദവും ഹവ്വയെന്നും , പേരിട്ടു അവര്‍ക്ക്.
നയന മനോഹര, തോട്ടത്തിന്‍ പ്രാന്തങ്ങളില്‍.
നദികള്‍ നാലുണ്ടല്ലോ,   പേരുകള്‍ പലതല്ലോ.
തോട്ടത്തില്‍ കയിച്ചീടും, വൃക്ഷങ്ങള്‍ അനവധി.
രമ്യമാം കാഴ്ചകള്‍, കാണിച്ചു ചൊല്ലി താതന്‍.
വിലക്കി തോട്ടം തന്നില്‍, മധ്യത്തില്‍ നിലകൊള്ളും.
നന്മതിന്മ വൃക്ഷത്തിന്‍, ഫലം ഭുജിച്ചീടല്ലേ .
നാരിയെ ഫലം തിന്മാന്‍, സര്‍പ്പം മോഹിപ്പിച്ചു.
വിജയം കണ്ടു തന്ത്രം, നരനും നല്‍കി വീതം.
പാപങ്ങള്‍ ചെയ്തീടാന്‍, പ്രേരണ ചെലുത്തീടും.
പിശാചിന്‍ മായാജാലം, വിജയം നേടി അന്ന്.
ശപിച്ചു സൃഷ്ടാവ്, നരനെ ഭൂതലത്തില്‍.
അലഞ്ഞു അഹോവൃത്തി, കഴിപ്പാന്‍ ശിഷ്ടകാലം.
നാരിയേ പേറ്റുനോവിന്‍, യാതന സഹിപ്പനും.
മക്കളെ പുലര്‍ത്തി, നിവൃതി അടവാനും.